അറബി ഭാഷയുടെ ആഗോള സാധ്യതകള്‍ ::: ഡോ. സുല്‍ഫീക്കര്‍ അലി

                ഉപരിപഠനാര്‍ത്ഥം കുറച്ചുകാലം പോണ്ടിച്ചേരി സംസ്ഥാനത്ത്‌ താമസിച്ചിരുന്നു. പോണ്ടിച്ചേരിയിലെ ഭാഷ തമിഴാണ്‌. എന്നാല്‍ മിക്ക വിദ്യാര്‍ത്ഥികളും തമിഴ്‌ ഭാഷയോടൊപ്പം ഫ്രഞ്ച്‌ ഭാഷയും പഠിക്കുന്നത്‌ ഒരു പുതിയ അറിവായിരുന്നു. അപ്പോഴാണറിഞ്ഞത്‌, മിക്ക വിദ്യാര്‍ത്ഥികളുടെയും ലക്ഷ്യം ഫ്രാന്‍സിലേക്ക്‌ കുടിയേറ്റം നടത്തലാണ്‌. പോണ്ടിച്ചേരി മുമ്പ്‌, ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു. ഇപ്പോഴും അവിടെയുള്ള ജനങ്ങളോട്‌ ഒരുതരം അടിമ-ഉടമ ബന്ധം ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌ കാത്തുസൂക്ഷിക്കുന്നുണ്ട്‌. അതിനാല്‍ ഫ്രഞ്ച്‌ പഠിച്ച്‌ കടല്‍കടക്കുക പലരുടെയും ലക്ഷ്യമാണ്‌. മുസ്‌ലിംകളടക്കമുള്ള പലരും, പ്രയാസകരമായ ഫ്രഞ്ച്‌ ഭാഷ പഠിച്ചുവരുന്നുണ്ട്‌.

വളരെ ചെറിയ ഒരു രാജ്യമാണ്‌ ഫ്രാന്‍സ്‌.അത്ര വലിയ സാധ്യതയൊന്നുമില്ലാത്ത ഭാഷയാണ്‌ ഫ്രഞ്ച്‌. എന്നിട്ടും കഷ്‌ടപ്പെട്ട്‌ പ്രതീക്ഷയോടെ ഫ്രഞ്ച്‌ പഠിക്കുന്നവരെ നോക്കി പലപ്പോഴും ചോദിച്ചിട്ടുണ്ട്‌ എന്തുകൊണ്ട്‌ അറബി ഭാഷ പഠിച്ചുകൂടാ എന്ന്‌.
ലോകത്ത്‌ ഇരുപത്തിരണ്ട്‌ രാജ്യങ്ങളിലായി 422 മില്യന്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ്‌ അറബിക്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, അറബിഭാഷ ഉപയോഗിക്കുന്ന പരകോടി ജനങ്ങള്‍ വേറെയുമുണ്ട്‌. പരിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയായതിനാല്‍, മുസ്‌ലിംകള്‍ മഹാഭൂരിപക്ഷവും അറബി ഭാഷ പ്രാഥമികമായെങ്കിലും ഉപയോഗിക്കുന്നുണ്ട്‌. 2010 സെന്‍സസ്‌ പ്രകാരം 162 കോടി മനുഷ്യര്‍ മുസ്‌ലിംകളാണ്‌. അത്‌ ലോകജനസംഖ്യയുടെ ഏതാണ്ട്‌ 25 ശതമാനം വരുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഗോളതലത്തില്‍ ഇത്രയും കൂടുതല്‍ ആളുകള്‍ മതപരവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന സജീവവും സക്രിയവുമായ ഭാഷയാണ്‌ അറബി ഭാഷ. ലോകജനസംഖ്യയുടെ കാല്‍ഭാഗത്തോളം വരുന്ന മുസ്‌ലിംകള്‍, അവരുടെ മതപരവും ആരാധനാപരവുമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷയായ അറബിക്‌, മുസ്‌ലിംകളല്ലാത്ത ഒട്ടേറെ ജനങ്ങള്‍ മാതൃഭാഷയായി ഉപയോഗിച്ചുവരുന്നുണ്ട്‌. അറബികളും അനറബികളും മുസ്‌ലിംകളും അമുസ്‌ലിംകളുമായ കോടിക്കണക്കിന്‌ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയായ അറബി ഭാഷയുടെ ഗുണഭോക്താക്കളില്‍ പകുതിയിലേറെ പേര്‍ യുവാക്കളാണെന്നത്‌ അതിന്റെ തുടര്‍ സാധ്യതകള്‍ വിപുലമാക്കുന്നു.
അറബ്‌ രാഷ്‌ട്രങ്ങളില്‍ സ്വദേശീവല്‍ക്കരണവും നിതാഖതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും സജീവമാകുകയാണല്ലോ. ഏത്‌ രാജ്യവും ആശ്രയിക്കുന്നത്‌ അവിടത്തെ പൗരന്മാര്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നതും കുഞ്ചിക സ്ഥാനങ്ങളില്‍നിന്നും വിദേശികളെ ഒഴിവാക്കി പകരം തദ്ദേശീയരെ കുടിയിരുത്തുക എന്നതുമാണ്‌. എന്നാല്‍ സ്വദേശിവല്‍ക്കരണത്തേക്കാള്‍ ഏറെ ഗൗരവമായ ഒരു പ്രശ്‌നത്തിലേക്ക്‌ മിക്ക രാജ്യങ്ങളും പ്രവേശിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഭരണഭാഷ മാതൃഭാഷയാക്കുക എന്ന സങ്കല്‍പം സുഗമമായ ഭരണക്രമത്തിന്റെ ഭാഗമായ ഈസീ ഗവേര്‍ണസ്‌ മിക്ക രാജ്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണ്‌. കേരളംപോലും മലയാളഭാഷ, ഭരണഭാഷയായി തിരിച്ചറിഞ്ഞുകൊണ്ട്‌, സര്‍ക്കാര്‍ ഉത്തരവുകളും മറ്റ്‌ അനുബന്ധ നടപടിക്രമങ്ങളും മലയാളീകരിച്ചുകഴിഞ്ഞു. അറബ്‌ രാജ്യങ്ങളിലെ ഭരണഭാഷ അറബിക്‌ ആണെങ്കിലും, പലപ്പോഴും ഇംഗ്ലീഷ്‌ ഒരു സഹോദര ഭാഷയായി കടന്നുവരാറുണ്ടായിരുന്നു. എന്നാല്‍ സ്വദേശീവല്‍ക്കരണത്തിനോടൊപ്പം ഭരണഭാഷ മാതൃഭാഷ എന്ന ആശയം രംഗത്ത്‌ വരികയും അനന്തര നടപടിയായിക്കൊണ്ട്‌ എല്ലാ രംഗങ്ങളിലും അറബിഭാഷയെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ താത്വികമായ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്‌തിരിക്കുന്നു.
സ്വദേശിവല്‍ക്കരണത്തോടൊപ്പം കടന്നുവരുന്ന മാതൃഭാഷാവല്‍ക്കരണം, അറബി ഭാഷ പഠിച്ചവര്‍ക്ക്‌ ഒട്ടനവധി തൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുകയാണ്‌ ചെയ്യുന്നത്‌. ട്രാന്‍സിലേഷന്‍, ട്രാന്‍സ്‌ലിറ്ററേഷന്‍, ട്രാന്‍സ്‌ക്രിപ്‌ഷന്‍, ഫംഗ്‌ഷണല്‍ അറബിക്‌, അറബിക്‌ വെബ്‌ എഡിറ്റിങ്‌ തുടങ്ങിയ ഒട്ടനവധി പുതിയ കവാടങ്ങളാണ്‌ അറബി പഠിതാക്കളെ കാത്തിരിക്കുന്നത്‌. താരതമ്യേന ലളിതമായ അറബിഭാഷ, മൂന്നു നാലു വര്‍ഷം പഠിച്ചാല്‍, ജീവിതകാലം മുഴുവന്‍ സംതൃപ്‌തമായ സാധ്യതകളുള്ള ഒരു മേഖല പഠിതാക്കളെ കാത്തിരിക്കുന്നുണ്ട്‌.
ആഗോള സാധ്യതകള്‍ക്കനുസരിച്ച്‌, വേണ്ടത്ര മാര്‍ക്കറ്റ്‌ ചെയ്യപ്പെടാതെപോകുന്ന ഒരു അന്താരാഷ്‌ട്ര ഭാഷയാണ്‌ അറബിക്‌. ബോധപൂര്‍വമോ അല്ലാതെയോ, മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചിത്രീകരിക്കപ്പെടുന്ന ഒന്നാണത്‌. അതിന്‌ പിറകില്‍ രാഷ്‌ട്രീയവും വാണിജ്യപരവുമായ ലക്ഷ്യങ്ങളുണ്ട്‌. അറബ്‌ വംശജനും അറബി ഭാഷ കൈകാര്യം ചെയ്യുന്നവരും അവരുടെ രാഷ്‌ട്രഭാഷയും ഭരണഭാഷയുമായി അറബിയെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ പല മുതലാളിത്ത രാജ്യങ്ങളുടെയും രാഷ്‌ട്രീയ അജണ്ടകള്‍ക്കും കൊളോണിയന്‍ താല്‍പര്യങ്ങള്‍ക്കും അത്‌ തിരിച്ചടിയാകാനിടയുണ്ട്‌. വാണിജ്യാവശ്യങ്ങള്‍ക്ക്‌ അറബി ഭാഷ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയാല്‍ ഊഹക്കച്ചവടങ്ങളില്‍ പടുത്തുയര്‍ത്തിയ പല വാണിജ്യ സാമ്രാജ്യങ്ങളും തകര്‍ന്നുവീഴുമെന്നത്‌ ഉറപ്പാണ്‌.
അറബി ഭാഷയുടെ ആഗോള സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും കടലാസ്‌ കറന്‍സിയായ ഡോളറിനു പകരം ക്രയവിക്രയങ്ങളുടെ മൂല്യമായി സ്വര്‍ണവും വെള്ളിയും മാറാനിടയുണ്ടെന്ന യാഥാര്‍ഥ്യവും നടുക്കത്തോടെയാണ്‌ പാശ്ചാത്യ സമൂഹം തിരിച്ചറിയുന്നത്‌. അറബ്‌ ദേശീയതയെയും അറബി ഭാഷാ പ്രചാരണത്തേയും സാംസ്‌കാരികതയുടെ അറേബ്യന്‍ വേരുകളേയും പാശ്ചാത്യസമൂഹം ഏറെ ഭയപ്പെടുന്നതിന്റെ പിറകിലും, പില്‍ക്കാലത്ത്‌ ശക്തിപ്രാപിക്കാനിടയുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ ഭീഷണിയാണുള്ളത്‌. അറബ്‌ മുസ്‌ലിംകളുടെ മാത്രം ഭാഷയാണെന്നും, അത്‌ മതപരമായ ഭാഷ മാത്രമാക്കി ചുരുക്കി പള്ളികളില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന മുന്‍വിധികളിലേക്കും പാശ്ചാത്യരുടെ വ്യംഗ്യമായ സൂചനകളും ഭാവിയിലെ ഭീഷണിയെ നേരിടാനുള്ളതാണ്‌.
അമേരിക്കന്‍ ഐക്യനാടുകളെ പ്രത്യേകിച്ച്‌ ബാധിച്ചിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായി പൗരസ്‌ത്യദേശങ്ങളിലെ രാഷ്‌ട്രങ്ങളില്‍ രൂപപ്പെടുന്ന ദേശീയവും വംശീയവുമായ കൂട്ടായ്‌മകള്‍ പുതിയ ലോകക്രമത്തിന്‌ കാരണമാകുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. പൗരസ്‌ത്യ ദേശങ്ങളിലെ അറബ്‌ ഭാഷാ കൂട്ടായ്‌മയും അതിന്റെ ആഗോള പരിപ്രേക്ഷ്യവും ഗവേഷണങ്ങള്‍ക്ക്‌ വിധേയമാകുന്നുണ്ട്‌. ചൈനീസ്‌ ഭാഷയാണ്‌ തൊട്ടടുത്ത്‌ നില്‍ക്കുന്ന മറ്റൊരു സാധ്യതാ ഭാഷ.
പരിശുദ്ധ ക്വുര്‍ആനിന്റെ ഭാഷയായ അറബി ഭാഷ പഠിക്കലും പ്രചരിപ്പിക്കലും മുസ്‌ലിംകളുടെ ബാധ്യതയാണ്‌. അറബി ഭാഷയുടെ ഭൗതിക സാധ്യതകള്‍ കണ്ടുകൊണ്ടുള്ള ഒരു സമീപനമല്ല അത്‌. മറിച്ച്‌ യഥാര്‍ത്ഥ വിശ്വാസിയായി ജീവിക്കാനും പരലോകത്ത്‌ ഉയര്‍ന്ന പദവികള്‍ സ്വന്തമാക്കാനും ക്വുര്‍ആന്‍ പഠിക്കലും പ്രചരിപ്പിക്കലും അത്യന്താപേക്ഷിതമാണെന്ന്‌ മുസ്‌ലിംകള്‍ മനസ്സിലാക്കുന്നു. അതിനൊപ്പംതന്നെ, അറബി ഭാഷയ്‌ക്ക്‌ ആഗോള സാധ്യതകളും ഭൗതികമായ നേട്ടങ്ങളും കൂടിയുണ്ടാകുമ്പോള്‍, മാന്യമായ ഉപജീവനത്തിനും തൊഴിലിനും അതേ ഭാഷതന്നെ ഉപകരിക്കുമെന്ന്‌ തിരിച്ചറിയുമ്പോള്‍ ആ പഠനത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്‌.
മനുഷ്യനെ ഭൗതികമായും ആത്മീയമായും ഉല്‍കൃഷ്‌ടനാക്കി മാറ്റുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ പഠനം സുഗമമാകാന്‍ ക്വുര്‍ആന്റെ ഭാഷയായ അറബി ഭാഷ പഠിച്ചേ തീരൂ എന്ന തിരിച്ചറിവില്‍ നിന്നാണ്‌, ആ ഭാഷയുടെ പ്രചാരണത്തിനും അതിലേക്ക്‌ പുതുതലമുറയെ ആകര്‍ഷിക്കുന്നതിനുമായി വിവിധ പദ്ധതികളുമായി മുജാഹിദ്‌ പ്രസ്ഥാനം മുന്നിട്ടിറങ്ങുന്നത്‌. വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്‌.എമ്മിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ നടക്കുന്ന ദേശീയ അറബിക്‌ വിദ്യാര്‍ത്ഥി സമ്മേളനം പ്രസക്തമാകുന്നത്‌ ഇത്തരമൊരു പശ്ചാത്തലത്തില്‍ കൂടിയാണ്‌. ഭൗതികവും ആത്മീയവുമായ അനവധി സാധ്യതകള്‍ തുറന്നുവെക്കുന്ന അറബി ഭാഷയെ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനും ആ ഭാഷയുടെ പഠനവും ഗവേഷണവും വഴി സമൂഹത്തിനും കുടുംബത്തിനും സംതൃപ്‌തമായ പൗരന്മാരെ വാര്‍ത്തെടുക്കാനും സാധിക്കേണ്ടതുണ്ട്‌.
കടപ്പാട്:::http://www.vichinthanamweekly.com

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക